Sunday, December 30, 2007

എന്റെ ഡിസംബര്‍

നന്നായ് തണുക്കുന്നുണ്ട്.അവള്‍ പുതപ്പെടുത്തുനേരെ മൂടി.രാത്രി മഴപെയ്തിരിക്കണം,അതായിരിക്കണം ഇത്ര തണുപ്പ്. നേരം വെളുക്കാറായൊ
എന്തൊ? രാത്രി എപ്പോഴാണ് ഉറങ്ങിയതെന്ന്‍ ഓര്‍‌മ്മയില്ല. മുഷിഞ്ഞ ആ കട്ടില്‍‌വിരുപ്പില്‍ അങ്ങിങ്ങായ് പേപ്പറുകള്‍ പരന്നുകിടന്നിരുന്നു
.ചുവരുകളിലെ നിറം മങ്ങിയിരിക്കുന്നു. “ എന്നായിരിക്കും അവസാനമായ് ഇതില്‍ വെള്ളപൂശിയത് ?” അവള്‍ വെറുതെ ആലോചിച്ചു. ചുവരുകളില്‍ വിള്ളലുകള്‍ വീണിരിക്കുന്നു.കണ്ണുനീര്‍‌പ്പോലെ അതില്‍ നിന്നും മഴത്തുള്ളികള്‍ ഒഴുകിയിറങ്ങി.അവള്‍ തനിക്കുചുറ്റും നോക്കി. ആ
കൊച്ചുമുറിയില്‍ വെളിച്ചംതീരെയില്ലായിരുന്നു.അഴുക്കുപ്പിടിച്ചു കിടക്കുന്ന തിരശ്ശീലകള്‍ , അങ്ങിങ്ങായ് അലങ്കോലമായ് കിടക്കുന്ന ഛായങ്ങളും
ബ്രശ്ശുകളും.അവിടെ പറയത്തക്ക വീട്ടുസാധനങ്ങളൊന്നുമില്ലായിരുന്നു. പുസ്തകങ്ങള്‍ വെച്ചിരിക്കുന്നൊരു മേശ,വസ്ത്രങ്ങള്‍ വെയ്ക്കാന്‍ ചെറിയൊരു
ഷെല്‍‌ഫും .പിന്നെ മുറിയുടെ ഒരു കോണില്‍ അടുക്കളപ്പോലുള്ളൊരു സ്ഥലവും.ചുരുക്കത്തില്‍ ഒരു മാളം പോലുണ്ട്.ഒരുരീതിയില്‍ ഇതു മാളം
തന്നെയാണ്. എത്രനാ‍ളായിരിക്കും താന്‍ ഇവിടെ വന്ന് താമസമാക്കിയിട്ട്? അവളോര്‍‌ത്തു.ശരിക്കും പറഞ്ഞാല്‍ ഒരുവര്‍‌ഷം, അല്ല.. ഒരുവര്‍‌ഷവും ഇരുപത്
ദിവസവും.കല്ല്യാണം നിശ്‌ചയിക്കുന്നതിനു രണ്ടുദിവസം മുമ്പ് വീട്ടില്‍നിന്നും ഇറങ്ങിപൊകുകയായിരുന്നില്ലെ..? എല്ലാം സ്വപ്നം പോലെ തോ‍ന്നുന്നു
.ഇന്ന് ചെറിയൊരു ജോലിയും പിന്നെ ഇടിഞ്ഞുവീഴാന്‍ തുടങ്ങുന്ന ഈ വീടുമുണ്ട്. ജീവിതം തള്ളിനീക്കുന്നുയെന്നു മാത്രം. ഏറെ ദിവസങ്ങള്‍ക്ക് ശേഷം ഇന്നു വല്ലാത്തൊരു ഏകാന്തത തന്നു മൂടുന്നതായ് അവള്‍ക്കനുഭവപ്പെട്ടു.ഓര്‍മ്മകള്‍ തിരമാലകള്‍ പോലെ
മനസ്സില്‍ വന്നാഞ്ഞടിച്ചുകൊണ്ടേയിരുന്നു.. എത്രനാള്‍ ഇങ്ങനെ..?“ യെന്ന ചോദ്യം എത്രപ്രാവശ്യം അവള്‍ സ്വയം ചോദിച്ചിരിക്കുന്നു പെട്ടന്നാണ് അവള്‍ക്ക് വേറൊരു കാര്യം ഓര്‍മ്മവന്നത്.ഇന്ന് ഡിസംബര്‍ 31’ന്നാണ്. ഒടുവില്‍ തനിക്കെന്നും പ്രിയപ്പെട്ട ഡിസംബര്‍
യാത്രയാകുകയാണ്.നിശബ്‌ദമായ്, തന്നോട് യാത്രപോലും ചോദിക്കാതെ.. എല്ലാവര്‍ക്കുമിന്ന് ആഘോഷത്തിന്റെ ദിവസമായിരികാം എന്നാല്‍
അവള്‍ക്ക് മറിച്ചാണ്. കഴിഞ്ഞ ഡിസംബറുകളില്‍ താന്‍ തനിച്ചല്ലായിരുന്നു.അവനും തന്റെ കൂടെയുണ്ടായിരുന്നു.ഞങ്ങള്‍ക്കെന്നും പ്രിയപ്പെട്ട
ഞങ്ങളുടെ ഡിസംബര്‍ . അവനും ഇതുപോലെ ഓര്‍‌ക്കുന്നുണ്ടായിരിക്കുമൊ? . “ഇന്നു ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ എങ്ങനെയായിരിക്കും?, അവന്‍ എന്നെ ഒരുപാടു വഴക്കു പറയുമായിരിക്കും, അവനോടുപൊലും
പറയാതെ ഇത്തരത്തിലൊരൊളിച്ചോട്ടം.. ഇതുപറയുമ്പോള്‍ അവന്റെ കണ്ണുനിറയുമാ‍യിരിക്കും അല്ലെങ്കില്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരിക്കും.“ “അന്ന് അവനോട് ഞാനെന്ത് മറുപടി പറയും. കഴിഞ്ഞ ഓരൊ നിമിഷങ്ങളും ഞാനെങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്ന് അവനെ പറഞ്ഞു
മനസ്സില്ലാക്കാന്‍ തനിക്കു കഴിയുമൊ?.. ഒരുപക്ഷേ ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിലോ?.. ” അവള്‍ അങ്ങനെ ഓരോന്നും ചിന്തിച്ചങ്ങനെ അവിടെ
വീണ്ടും കിടന്നു.അപ്പോയാണ് അവള്‍കെന്തോ ഓര്‍മ്മവന്നതുപോലെ എണീറ്റത്. അവള്‍ പതുക്കെ തിരശ്ശീല മാറ്റി.ആ ജന്നല്‍ തുറന്നിട്ടു
വര്‍ഷങ്ങളായിരിക്കുന്നതുപോലെ തോന്നും. അവള്‍ ആ ജന്നല്‍ വലിയൊരു ശബ്‌ദത്തോടെ തള്ളിത്തുറന്നു. പെട്ടന്ന് ആ മുറിയിലാകെ വെളിച്ചം
പടര്‍‌ന്നു. വെളിച്ചത്തില്‍ ആ മുറി കൂടുതല്‍ വികൃതമായ് കാണപ്പെട്ടു. ആ പ്രകാശത്തിലെന്തോ പ്രത്യേകതയുണ്ടെന്ന് അവള്‍ക്കു തോന്നി.തന്റെ
മുറിയിലാകെ പരന്നുകിടന്നിരുന്നതെല്ലാം അവള്‍ പെറുക്കിയെടുത്തു.എവിടെനിന്നോ ആ മുറിയില്‍ കുറച്ചൊരു ഭംഗിവന്നതായ് അവള്‍ക്കനുഭവപ്പെട്ടു
.പണ്ടൊരിക്കല്‍ തനിക്കു സംഭവിച്ചതുപോലെ.. ചുവരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയുടെ മുന്നില്‍ പോയി തന്റെ പ്രതിബിംബത്തെ കുറച്ചുനേരം അവള്‍ നോല്‍ക്കിനിന്നു.താന്‍ ഒരുപാട്
മാറിയിരിക്കുന്നു.താന്‍ തന്നെയാണൊ? എന്നുപോലും സംശയിച്ചുപോകും.കറുത്തൊരു നിഴല്‍ തന്റെ മേല്‍ വീണിരിക്കുന്നതുപ്പോലിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായ് അവന്‍ തന്നെ കണ്ടപ്പോള്‍ , പിന്നേട് ഇഷ്‌ടമാണെന്നവന്‍ പറഞ്ഞപ്പോള്‍ .. ഇതേപോലെ ഞാന്‍
കണ്ണാടിയുടെ മുമ്പില്‍ നിന്നായിരുന്നു. അന്നത്തെ സംശയം അവനെപ്പോലുള്ളൊരു വ്യക്തി തന്നെ ഇഷ്‌ടപ്പെടാന്‍ മാത്രം തന്നില്‍
എന്താണുള്ളതെന്നായിരുന്നു. പിന്നേടും ഇതുപോലെ എത്രയോ പ്രാവശ്യം,പക്ഷേ, അപ്പോള്‍ സംശയം വേറെയായിരുന്നു. താന്‍ സുന്ദരിയാകുന്നോയെന്നായിരുന്നു.എന്നാല്‍
അത് സംശയമല്ലായിരുന്നു. ശെരിക്കും താന്‍ സുന്ദരിയാകുകയായിരുന്നു. അവന്‍ സ്‌നേഹിക്കുംതോറും താന്‍ വീണ്ടും വീണ്ടും സുന്ദരിയാകുകയായിരുന്നു
എന്നാണവള്‍ക്കു തോന്നിയത്.കവിളുകള്‍ തുടുത്തു, ചുണ്ടുകള്‍ക്ക് നിറംവന്നു.തനിക്ക് ചുറ്റുമെല്ലാം ഭംഗിയുള്ളതായ് അവള്‍ക്കുതോന്നി. അന്ന്
തനിക്കു സംഭവിച്ചമാറ്റം മറ്റുള്ളവരെപോലും അതിശയപ്പെടുത്തിയായിരുന്നു.കുട്ടിക്കാലത്തു വായിച്ചിട്ടുള്ള കഥകളിലെപോലെ വികൃതമായിരുന്നൊരു
പെണ്‍ക്കുട്ടിയെ ഒരുനാള്‍ ഒരു മാലാഖ സുന്ദരിയായ് മാറ്റി.അങ്ങനെ അവളെ കണ്ടൊരു രാജകുമാരന്‍ അവളുമായ് ഇഷ്‌ടത്തിലാകുന്നു.പക്ഷെ ഈ
കഥയില്‍ , കുറച്ചുമാറ്റം സംഭവിച്ചിരുന്നു. അവന്റെ ജീവിതം താന്‍ നശിപ്പിക്കുകയാണെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനായില്ല.അതുപോലെ വേറൊരാളെ വിവാഹം കഴിക്കാനും
അവള്‍ക്കു കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം എല്ലാം വലിച്ചെറിഞ്ഞിട്ട് അവള്‍ അവിടെ നിന്നും യാത്രയായ്. ആ യാത്ര ഇന്നു തന്നെ വീണ്ടും തന്റെ പ്രതിബിം‌ബത്തിന്റെ മുമ്പില്‍ കൊണ്ടുനിര്‍‌ത്തിയിരിക്കുന്നു.സ്വയം ജീവിതം തന്നെയൊരു
സംശയമെന്നതുപോലെ..

4 comments:

ഒരു “ദേശാഭിമാനി” said...

പുതുവത്സരാശസകള്‍!!!

ശ്രീ said...

കഥ കൊള്ളാം.

പുതുവത്സരാശംസകള്‍!
:)

Teena C George said...

എന്താണെന്ന് അറിയില്ല, ഡിസംബര്‍ പൊതുവെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഒരുതരം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് അതില്‍ നിറയെ. കഴിഞ്ഞു പോകുന്ന കാലത്തിനൊപ്പം, കടന്നു പോകുന്ന മനസ്സുകളുടെ ഒരുതരം റിട്രോസ്പെക്റ്റ്. സ്വയമുള്ള ഈ തിരിഞ്ഞു നോട്ടത്തില്‍ മനുഷ്യന്‍ എല്ലാം കാണുന്നു. പലപ്പോഴും ദുഃഖവും, ചിലപ്പോഴൊക്കെ സന്തോഷവും...
പിന്നെന്തൊക്കെയോ ഓര്‍മ്മകള്‍...
എന്നും പ്രിയമോടെ ഓര്‍ക്കാന്‍ കാത്തുവച്ചതും...
ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാതെ മനസ്സില്‍ പൂട്ടിവച്ചതും...
അനുവാദം ചോദിക്കാതെ തന്നെ ഇവയൊക്കെ പുറത്തു വരാന്‍ ധൈര്യം കാണിക്കുന്നത് പലപ്പോഴും ഈ ഡിസംബറിലാണ്...

നല്ല ‘നാളെ’കളുടെ ആശംസകള്‍...

നിലാവര്‍ നിസ said...

ഒരു നല്ല ഡിസംബര്‍ കുറിപ്പു കൂടി.. ടീന.. എന്താണ് ഡിസംബര്‍ എല്ലാവറ്ക്കും പ്രിയപ്പെട്ടതാകുന്നത്? കടല്‍ മയൂരം.. നല്ല കുറിപ്പ്.. അവസാന വരികള്‍ പ്രത്യേകിച്ചും.. ചിലപ്പോള്‍ ചില യാത്രകള്‍ നമ്മെ നമൂടെ തന്നെ പ്രതിബിംബത്തിനു മുന്നില്‍ കൊണ്ടു നിര്‍ത്തും.. വളരെ നല്ല ഉള്‍ക്കാഴ്ച..