Showing posts with label ചെറു കഥ. Show all posts
Showing posts with label ചെറു കഥ. Show all posts

Sunday, February 3, 2008

ഞാനും അനാഥനായ എന്റെ ദൈവവും


“ ദൈവം ആരാണ് ? അദ്ദേഹം എവിടെയാണ് ? “ എന്നൊക്കെ ഞാന്‍
നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്‍ എന്തുപറയും? എനിക്കു ഭ്രാന്തെന്നൊ?
ദൈവത്തിനെ നിനക്കു കാണണമെന്നുണ്ടൊ? ശെരി.. എന്നാല്‍ ഞാന്‍ പറയുന്നു,
ഞന്‍ കാണിച്ചുതരാമെന്നു. അപ്പോള്‍ പിശാചിനേയൊ? അതും ഞാന്‍ കാണിച്ചു
തരുന്നെങ്കിലോ..? നിങ്ങള്‍ നിങ്ങളെപറ്റി ആലോചിക്കുന്നുണ്ട്.. സദാസമയവും.. എന്നാല്‍
ശെരിക്കും നിങ്ങള്‍ നിങ്ങളെപറ്റിയാണൊ ചിന്തിക്കുന്നത്? നിങ്ങള്‍ നിങ്ങളെ സ്വയം
അറിയുന്നുണ്ടോ.. ആര്‍ക്കാണ് ഇതിനൊക്കെ നേരം എന്നല്ലെ..? ശെരിയാ..
എന്നാല്‍, നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കു.നമ്മളില്‍ എത്രമാത്രം ദൈവമുണ്ടെന്നും
പിശാചുണ്ടെന്നും നിനക്കു ഒരുപക്ഷേ തിരച്ചറിയാന്‍ കഴിഞ്ഞേക്കും... നിനക്കു നിന്റെ
ദൈവത്തെ നിന്നില്‍ തന്നെ കാണാന്‍ കഴിയുമായിരിക്കും.അതുപ്പൊലെ
പിശാചിനേയും. എന്നോട് എത്രയോപ്പേര്‍ ദൈവങ്ങളെക്കുറിച്ച് സംസാരിച്ചു. അതെന്നില്‍
ഭീതിയുണര്‍ത്തുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ നിങ്ങള്‍ ഏതു ദൈവങ്ങളെക്കുറിച്ചാണോ
വാതോരാതെ സംസാരിക്കുന്നത്, ആ ദൈവങ്ങളെ എനിക്കറിയില്ല.എനിക്കവര്‍
അജ്ഞാതരായ് തോന്നുന്നു.അധികാരഭാവവും ഔദ്‌ധത്യവും ധാര്‍ഷ്‌ടതയും നിറഞ്ഞ
പ്രബലരായ ധനികര്‍‍‍. അവരില്‍ തന്നെ പക്ഷാഭേതങ്ങള്‍. അങ്ങനെയുള്ളപ്പോള്‍ ഞാനെന്നൊരു വ്യക്തി വെറും
നിസ്സാരം.എനിക്കുമുണ്ടൊരു ദൈവം, അദ്ദേഹത്തെ നിങ്ങള്‍
അറിയുകയില്ല.അദ്ദേഹം ദരിദ്രനാണ് .മറ്റുള്ളവര്‍ ഞങ്ങളെ പുച്ഛിക്കുന്നു.എന്നാലും
എനിക്കു പരാതിയില്ല എന്റെ അനാഥനായ ദൈവം എന്നില്‍ വസിക്കുന്നു.ദിനവും
നിശബ്‌ദമായ് എന്റെയുള്ളിലെ പിശാചുമായ് യുദ്ധം
ചെയ്തുകൊണ്ടിരിക്കുകയായിരുക്കും...

Sunday, December 30, 2007

എന്റെ ഡിസംബര്‍

നന്നായ് തണുക്കുന്നുണ്ട്.അവള്‍ പുതപ്പെടുത്തുനേരെ മൂടി.രാത്രി മഴപെയ്തിരിക്കണം,അതായിരിക്കണം ഇത്ര തണുപ്പ്. നേരം വെളുക്കാറായൊ
എന്തൊ? രാത്രി എപ്പോഴാണ് ഉറങ്ങിയതെന്ന്‍ ഓര്‍‌മ്മയില്ല. മുഷിഞ്ഞ ആ കട്ടില്‍‌വിരുപ്പില്‍ അങ്ങിങ്ങായ് പേപ്പറുകള്‍ പരന്നുകിടന്നിരുന്നു
.ചുവരുകളിലെ നിറം മങ്ങിയിരിക്കുന്നു. “ എന്നായിരിക്കും അവസാനമായ് ഇതില്‍ വെള്ളപൂശിയത് ?” അവള്‍ വെറുതെ ആലോചിച്ചു. ചുവരുകളില്‍ വിള്ളലുകള്‍ വീണിരിക്കുന്നു.കണ്ണുനീര്‍‌പ്പോലെ അതില്‍ നിന്നും മഴത്തുള്ളികള്‍ ഒഴുകിയിറങ്ങി.അവള്‍ തനിക്കുചുറ്റും നോക്കി. ആ
കൊച്ചുമുറിയില്‍ വെളിച്ചംതീരെയില്ലായിരുന്നു.അഴുക്കുപ്പിടിച്ചു കിടക്കുന്ന തിരശ്ശീലകള്‍ , അങ്ങിങ്ങായ് അലങ്കോലമായ് കിടക്കുന്ന ഛായങ്ങളും
ബ്രശ്ശുകളും.അവിടെ പറയത്തക്ക വീട്ടുസാധനങ്ങളൊന്നുമില്ലായിരുന്നു. പുസ്തകങ്ങള്‍ വെച്ചിരിക്കുന്നൊരു മേശ,വസ്ത്രങ്ങള്‍ വെയ്ക്കാന്‍ ചെറിയൊരു
ഷെല്‍‌ഫും .പിന്നെ മുറിയുടെ ഒരു കോണില്‍ അടുക്കളപ്പോലുള്ളൊരു സ്ഥലവും.ചുരുക്കത്തില്‍ ഒരു മാളം പോലുണ്ട്.ഒരുരീതിയില്‍ ഇതു മാളം
തന്നെയാണ്. എത്രനാ‍ളായിരിക്കും താന്‍ ഇവിടെ വന്ന് താമസമാക്കിയിട്ട്? അവളോര്‍‌ത്തു.ശരിക്കും പറഞ്ഞാല്‍ ഒരുവര്‍‌ഷം, അല്ല.. ഒരുവര്‍‌ഷവും ഇരുപത്
ദിവസവും.കല്ല്യാണം നിശ്‌ചയിക്കുന്നതിനു രണ്ടുദിവസം മുമ്പ് വീട്ടില്‍നിന്നും ഇറങ്ങിപൊകുകയായിരുന്നില്ലെ..? എല്ലാം സ്വപ്നം പോലെ തോ‍ന്നുന്നു
.ഇന്ന് ചെറിയൊരു ജോലിയും പിന്നെ ഇടിഞ്ഞുവീഴാന്‍ തുടങ്ങുന്ന ഈ വീടുമുണ്ട്. ജീവിതം തള്ളിനീക്കുന്നുയെന്നു മാത്രം. ഏറെ ദിവസങ്ങള്‍ക്ക് ശേഷം ഇന്നു വല്ലാത്തൊരു ഏകാന്തത തന്നു മൂടുന്നതായ് അവള്‍ക്കനുഭവപ്പെട്ടു.ഓര്‍മ്മകള്‍ തിരമാലകള്‍ പോലെ
മനസ്സില്‍ വന്നാഞ്ഞടിച്ചുകൊണ്ടേയിരുന്നു.. എത്രനാള്‍ ഇങ്ങനെ..?“ യെന്ന ചോദ്യം എത്രപ്രാവശ്യം അവള്‍ സ്വയം ചോദിച്ചിരിക്കുന്നു പെട്ടന്നാണ് അവള്‍ക്ക് വേറൊരു കാര്യം ഓര്‍മ്മവന്നത്.ഇന്ന് ഡിസംബര്‍ 31’ന്നാണ്. ഒടുവില്‍ തനിക്കെന്നും പ്രിയപ്പെട്ട ഡിസംബര്‍
യാത്രയാകുകയാണ്.നിശബ്‌ദമായ്, തന്നോട് യാത്രപോലും ചോദിക്കാതെ.. എല്ലാവര്‍ക്കുമിന്ന് ആഘോഷത്തിന്റെ ദിവസമായിരികാം എന്നാല്‍
അവള്‍ക്ക് മറിച്ചാണ്. കഴിഞ്ഞ ഡിസംബറുകളില്‍ താന്‍ തനിച്ചല്ലായിരുന്നു.അവനും തന്റെ കൂടെയുണ്ടായിരുന്നു.ഞങ്ങള്‍ക്കെന്നും പ്രിയപ്പെട്ട
ഞങ്ങളുടെ ഡിസംബര്‍ . അവനും ഇതുപോലെ ഓര്‍‌ക്കുന്നുണ്ടായിരിക്കുമൊ? . “ഇന്നു ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ എങ്ങനെയായിരിക്കും?, അവന്‍ എന്നെ ഒരുപാടു വഴക്കു പറയുമായിരിക്കും, അവനോടുപൊലും
പറയാതെ ഇത്തരത്തിലൊരൊളിച്ചോട്ടം.. ഇതുപറയുമ്പോള്‍ അവന്റെ കണ്ണുനിറയുമാ‍യിരിക്കും അല്ലെങ്കില്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരിക്കും.“ “അന്ന് അവനോട് ഞാനെന്ത് മറുപടി പറയും. കഴിഞ്ഞ ഓരൊ നിമിഷങ്ങളും ഞാനെങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്ന് അവനെ പറഞ്ഞു
മനസ്സില്ലാക്കാന്‍ തനിക്കു കഴിയുമൊ?.. ഒരുപക്ഷേ ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിലോ?.. ” അവള്‍ അങ്ങനെ ഓരോന്നും ചിന്തിച്ചങ്ങനെ അവിടെ
വീണ്ടും കിടന്നു.അപ്പോയാണ് അവള്‍കെന്തോ ഓര്‍മ്മവന്നതുപോലെ എണീറ്റത്. അവള്‍ പതുക്കെ തിരശ്ശീല മാറ്റി.ആ ജന്നല്‍ തുറന്നിട്ടു
വര്‍ഷങ്ങളായിരിക്കുന്നതുപോലെ തോന്നും. അവള്‍ ആ ജന്നല്‍ വലിയൊരു ശബ്‌ദത്തോടെ തള്ളിത്തുറന്നു. പെട്ടന്ന് ആ മുറിയിലാകെ വെളിച്ചം
പടര്‍‌ന്നു. വെളിച്ചത്തില്‍ ആ മുറി കൂടുതല്‍ വികൃതമായ് കാണപ്പെട്ടു. ആ പ്രകാശത്തിലെന്തോ പ്രത്യേകതയുണ്ടെന്ന് അവള്‍ക്കു തോന്നി.തന്റെ
മുറിയിലാകെ പരന്നുകിടന്നിരുന്നതെല്ലാം അവള്‍ പെറുക്കിയെടുത്തു.എവിടെനിന്നോ ആ മുറിയില്‍ കുറച്ചൊരു ഭംഗിവന്നതായ് അവള്‍ക്കനുഭവപ്പെട്ടു
.പണ്ടൊരിക്കല്‍ തനിക്കു സംഭവിച്ചതുപോലെ.. ചുവരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയുടെ മുന്നില്‍ പോയി തന്റെ പ്രതിബിംബത്തെ കുറച്ചുനേരം അവള്‍ നോല്‍ക്കിനിന്നു.താന്‍ ഒരുപാട്
മാറിയിരിക്കുന്നു.താന്‍ തന്നെയാണൊ? എന്നുപോലും സംശയിച്ചുപോകും.കറുത്തൊരു നിഴല്‍ തന്റെ മേല്‍ വീണിരിക്കുന്നതുപ്പോലിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായ് അവന്‍ തന്നെ കണ്ടപ്പോള്‍ , പിന്നേട് ഇഷ്‌ടമാണെന്നവന്‍ പറഞ്ഞപ്പോള്‍ .. ഇതേപോലെ ഞാന്‍
കണ്ണാടിയുടെ മുമ്പില്‍ നിന്നായിരുന്നു. അന്നത്തെ സംശയം അവനെപ്പോലുള്ളൊരു വ്യക്തി തന്നെ ഇഷ്‌ടപ്പെടാന്‍ മാത്രം തന്നില്‍
എന്താണുള്ളതെന്നായിരുന്നു. പിന്നേടും ഇതുപോലെ എത്രയോ പ്രാവശ്യം,പക്ഷേ, അപ്പോള്‍ സംശയം വേറെയായിരുന്നു. താന്‍ സുന്ദരിയാകുന്നോയെന്നായിരുന്നു.എന്നാല്‍
അത് സംശയമല്ലായിരുന്നു. ശെരിക്കും താന്‍ സുന്ദരിയാകുകയായിരുന്നു. അവന്‍ സ്‌നേഹിക്കുംതോറും താന്‍ വീണ്ടും വീണ്ടും സുന്ദരിയാകുകയായിരുന്നു
എന്നാണവള്‍ക്കു തോന്നിയത്.കവിളുകള്‍ തുടുത്തു, ചുണ്ടുകള്‍ക്ക് നിറംവന്നു.തനിക്ക് ചുറ്റുമെല്ലാം ഭംഗിയുള്ളതായ് അവള്‍ക്കുതോന്നി. അന്ന്
തനിക്കു സംഭവിച്ചമാറ്റം മറ്റുള്ളവരെപോലും അതിശയപ്പെടുത്തിയായിരുന്നു.കുട്ടിക്കാലത്തു വായിച്ചിട്ടുള്ള കഥകളിലെപോലെ വികൃതമായിരുന്നൊരു
പെണ്‍ക്കുട്ടിയെ ഒരുനാള്‍ ഒരു മാലാഖ സുന്ദരിയായ് മാറ്റി.അങ്ങനെ അവളെ കണ്ടൊരു രാജകുമാരന്‍ അവളുമായ് ഇഷ്‌ടത്തിലാകുന്നു.പക്ഷെ ഈ
കഥയില്‍ , കുറച്ചുമാറ്റം സംഭവിച്ചിരുന്നു. അവന്റെ ജീവിതം താന്‍ നശിപ്പിക്കുകയാണെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനായില്ല.അതുപോലെ വേറൊരാളെ വിവാഹം കഴിക്കാനും
അവള്‍ക്കു കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം എല്ലാം വലിച്ചെറിഞ്ഞിട്ട് അവള്‍ അവിടെ നിന്നും യാത്രയായ്. ആ യാത്ര ഇന്നു തന്നെ വീണ്ടും തന്റെ പ്രതിബിം‌ബത്തിന്റെ മുമ്പില്‍ കൊണ്ടുനിര്‍‌ത്തിയിരിക്കുന്നു.സ്വയം ജീവിതം തന്നെയൊരു
സംശയമെന്നതുപോലെ..

Monday, December 24, 2007

ഭ്രാന്ത്

അടുക്കളയില്‍ വെളിച്ചമേയില്ലായിരുന്നു. ഒന്നാമത് പുറത്തു ഇരുട്ടു വീഴാന്‍ തുടങ്ങിയിരിന്നു രണ്ടാമത് ആ മുറിയില്‍ ബള്‍ബില്ലായിരുന്നു. എത്ര
നേരമായ് ഞാനങ്ങനെ ആ ഇരുട്ടില്‍ നിന്നിരുന്നെന്ന് എനിക്ക് ഓര്‍‌മ്മയില്ല. ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പമായിരുന്നു താമസം. അടുത്തുള്ള
മുറിയില്‍നിന്നും ചിരികള്‍ ഉയര്‍‌ന്നു കൊണ്ടിരുന്നു. എനിക്കു പരിചിതമുള്ള ആ ശബ്‌ദങ്ങള്‍ അപ്പോഴെനിക്ക് ദൂരെ ഏതോ ലോകത്തു നിന്നും
കേള്‍ക്കുന്നതു പോലെ തോന്നി. മനസ്സില്‍ ഭയമാണൊ അതൊ പരിഭ്രമമായിരുന്നൊ എന്നെനിക്കറിയില്ലായിരുന്നു.അപ്പോഴേക്കും എനിക്കു ചുറ്റുമുള്ള
ഇരുട്ട് എന്റെ തലയ്‌ക്കകത്തേക്കും മനസ്സിലേക്കും പടര്‍‌ന്നിരുന്നു. ഞാന്‍ പൈപ്പുതുറന്നു വിട്ടു. വെള്ളം വീഴുന്ന ശബ്‌ ദത്തില്‍ ചിരികള്‍
കേള്‍ക്കാതെയായ്. എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങി. എന്റെ മനസ്സു രണ്ടായ് പിളര്‍ന്നു. ചെയ്യുന്നത്
തെറ്റാണെന്നറിഞ്ഞിട്ടും എന്റെ മനസ്സിനെ എനിക്കു പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വന്നു. കൈയ്യിലിരുന്ന ബ്ലെയിടുകൊണ്ട് ഞാനെന്റെ ഇടത്തേ
കൈയ്യ്‌മുറിച്ചു. ചുവന്ന രക്തം കൈകളിലൂടെ ഒഴുകിയിറങ്ങി. അതു കണ്ടുനില്‍ക്കാന്‍ കയിയാതെ വന്നതായെനിക്കു തോന്നി. ഞാന്‍ കൈ പൈപ്പിന്റെ
അടിയില്‍ കാണിച്ചു. എന്താ ഞാന്‍ ചെയ്യുന്നതെന്ന് എനിക്കു നിശ്‌ചയമില്ലായിരുന്നു. ഈ വലിയ ലോകത്തു ഞാന്‍ ഒറ്റയ്‌ക്കണെന്ന ബോധം എന്നേ
തളര്‍ത്തിയിരുന്നു.അല്ലെങ്കില്‍ ഞാന്‍ തോറ്റിരിക്കുന്നു എന്ന്. ഒരു ത്രരം ഭ്രാന്തു പോലായിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. എപ്പോഴൊ അതു
തേങ്ങലായ്.. മനസ്സ് , തീ കണ്ട് ഭയപ്പെട്ട കൊച്ചുകുട്ടിയെ പോലെ അലമുറയിട്ടു കരഞ്ഞുകൊണ്ടേയിരുന്നു.
കാലുകളില്‍ മുഖം അമര്‍‌ത്തികൊണ്ട് ഞാന്‍ നിലത്തിരുന്നു. മനസ്സ് നിശ്‌ചലമായിരിക്കുന്നു. ഞാന്‍ വിവേകമില്ലാത്തവളെപ്പൊലെ നിലത്തു
കിടന്നു.കൈയ്യില്‍ നിന്നും രക്തം വാര്‍ന്നുകൊണ്ടിരുന്നു. .. എന്റെ പേര് ആരൊ വിളിക്കുന്നതെനിക്കു കേള്‍ക്കാമായിരുന്നു. എന്നെ കാണാഞ്ഞിട്ട്
എന്റെ സുഹൃത്ത് തിരക്കിവന്നതായിരുന്നു. ഞാന്‍ നിലത്തു കിടക്കുന്നതു കണ്ട് പാവം ഭയന്നുപ്പോയിരുന്നു. എന്നോടെന്തൊക്കെയോ
ചോദിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നിനും ഉത്തരം പറഞ്ഞില്ല.. ചിരികള്‍ നിലച്ചു, പകരം നിലവിളികള്‍ ഉയര്‍ന്നു. ആരൊ എന്റെ കൈയ്യില്‍
തുണികൊണ്ട് ഇറുക്കികെട്ടുന്നുണ്ടായിരുന്നു. വസ്‌ത്രങ്ങളില്‍ രക്തത്തിന്റെ നനവ് എനിക്കനുഭവപ്പെട്ടു. എന്നെ ആരൊക്കെയൊ എടുത്തുകൊണ്ട്
അടുത്തുള്ളൊരു ആശുപത്രിയിലേക്കുകൊണ്ടുപ്പോയി. എനിക്കു ചുറ്റും പരിചിതമില്ലാത്ത മുഖങ്ങള്‍ നിരന്നു. എനിക്ക് ബോധം പൂര്‍‌ണ്ണമായ്
പോയിരുന്നുല്ല. എങ്ങനെയാണു കൈമുറിഞ്ഞതെന്നു ചോദിച്ചപ്പോള്‍ , കൊണ്ടു വന്നവര്‍ കള്ളം‌പറയുന്നത് ഞാന്‍ കേട്ടു “ പച്ചക്കറി അരിഞ്ഞപ്പോള്‍
പറ്റിയതാണ്..” വിഡ്‌ഢികള്‍ , എന്ന് ഞാന്‍ പതുക്കെ മനസ്സില്‍ പറഞ്ഞു. കൂട്ടത്തില്‍നിന്നൊരു സുന്ദരിയായൊരു ഡോക്‌ടര്‍ എന്നോടു ചോദിച്ചു “ എന്തു കൊണ്ടാ മുറിച്ചത് ? “ ഞാന്‍ ആദ്യം ഒന്നും മിണ്ടിയില്ല, പിന്നെ പതുക്കെ പറഞ്ഞു... “ ബ്ലെയിട്...“ പിന്നേടവര്‍ എന്നോടൊന്നും ചോദിച്ചില്ല.. എന്റെ ചുറ്റിനും മരുന്നിന്റെ മണം പടര്‍ന്നു... എന്റെ കൈയ്യിലെ മുറിവ് ഞാനൊയിച്ച് ബാക്കിയെല്ലാവരും പിടിച്ചുനോല്‍ക്കി. എനിക്കു ട്രിപ്പ് തന്നു.
മെയിന്‍ ഡോക്‌ടറിനെ വിളിക്കാന്‍ ആരോ പറയുന്നതു ഞാന്‍ കേട്ടു.എന്നെ ഓപ്പറേഷന്‍ തീയറ്ററിലേക്കു മാറ്റി. ഞാന്‍ ഒരു ഭാവഭേദവുമില്ലാതെ
എല്ലാം കണ്ടുകൊണ്ടിരുന്നു.. തീയറ്ററില്‍ ഡോക്‌ടര്‍ വന്നു.. എന്റെ പേരു ചോദിച്ചു.. ഞാനുത്തരം പറഞ്ഞു.. പിന്നെ, ഓരോരൊ കര്യങ്ങള്‍ എന്നോട് ചോദിക്കാന്‍ തുടങ്ങി..
എന്റെ ചില ഉത്തരങ്ങള്‍ കേട്ട് അദ്ദേഹം പൊട്ടി ചിരിച്ചു. എന്നെ പരിഹസിക്കുകയാണൊയെന്ന് ഞാന്‍ ചോദിച്ചു.. “ ഒരിക്കലുമല്ല.. “ അദ്ദേഹം മറുപടി പറഞ്ഞു. “ എന്നോടിപ്പോള്‍ സംസാരിക്കുന്ന അതേ വ്യക്തിയാണൊ ഈ വിഡ്‌ഢിത്തരം കാണിച്ചതെന്നു
ആലോ‍ചിക്കാന്‍ കയിയുന്നില്ല... അത്രെയുള്ളു.. ” എന്നിട്ട്, എന്റെ കൈയ്യില്‍ കട്ടപിടിച്ചിരിന്ന രക്തം തുടച്ചുമാറ്റികൊണ്ടിരുന്നു. മിഴികള്‍ തുറന്നു കൊണ്ട് ഞാന്‍ അവിടെകിടന്നു.. കൈയ്യില്‍ ലേശമായ വേദനയുണ്ടായിരുന്നു.. മനസ്സില്‍ ചിന്തകള്‍ കൊണ്ട് വീണ്ടും നിറയ്ക്കാന്‍
തുടങ്ങി.. “കയ്യില്‍ മുറിവ് തുന്നി തയ്‌ക്കുന്നത് കാണണ്ടെ? “ അദ്ദേഹം ചോദിച്ചു “വേണ്ടാ.... അവസാനം കാണാം “ ഞാന്‍ മറുപടി പറഞ്ഞു കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹം എനിക്കെന്റെ കൂട്ടികെട്ടിയ മുറിവ് കാണിച്ചു തന്നു.. എന്നിട്ടു പറഞ്ഞു, “ നോക്കൂ, കാണാന്‍ ഒട്ടും
മനോഹരമല്ലല്ലോ? അപ്പോള്‍ ഇനിയിങ്ങനെ ചെയ്യരുത്...” അദ്ദേഹം പറഞ്ഞത് ശെരിയായിരുന്നു, തൊലികള്‍ കൂട്ടിചേര്‍‌ത്തു തുന്നിയിരിക്കുന്നു.. ഞാനൊന്നും മിണ്ടിയില്ല.. എന്റെ കണ്ണുകള്‍
ഈറനണിഞ്ഞിരുന്നൊ? “ ആശുപത്രിയില്‍ കിടക്കാന്‍ ആഗ്രഹമില്ലെങ്കില്‍ കുറച്ചുകഴിഞ്ഞു വീട്ടില്‍ പോകാം.. “ “ശെരി...” “വിരോധമില്ലെങ്കില്‍ നമുക്ക് എന്റെ കാ‍ബിനില്‍ പോയിരിക്കാം.. “ ഡോക്‌ടര്‍ പറഞ്ഞു “ശെരി...” ഞാന്‍ പറഞ്ഞു എന്നെ തീയറ്ററില്‍നിന്നും അദ്ദേഹത്തിന്റെ റൂമിലേക്കുകൊണ്ടുപ്പോയി.. ഞാന്‍ ആ മുറിയാകെ നോക്കികണ്ടു.. മേശപ്പുറത്ത്
രണ്ടുകൊച്ചുപെണ്‍കുട്ടികളുടെ ഫോട്ടൊയുണ്ടായിരുന്നു.. ഞാന്‍ അതെടുത്തു “ എന്റെ മക്കളാണ്.. അവര്‍ അവിധിക്കു നാട്ടില്‍പ്പോയിട്ടിന്നുതിരിച്ചുവരും, എനിക്കവരെ വിളിക്കാന്‍ പോകേണ്ടതായിരുന്നു.. “ “ ക്ഷമിക്കണം.. ഞാന്‍ കാരണത്താല്‍ ... “ ഞാന്‍ അര്‍‌ഥമില്ലാത്ത മര്യാദവാക്കുകള്‍ പറഞ്ഞു... “എനിക്കു വീട്ടില്‍ പോകണം..
എനിക്കുറങ്ങണം... ” “ ശെരി, പൊയ്‌ക്കോളൂ.. രണ്ടു ദിവസം കഴിഞ്ഞു വരണം... മുറിവ് നോക്കണം... ഒരുകാര്യംകൂടി... നീ നല്ലൊരു കുട്ടിയാണ്, നീയിതു ചെയ്യേണ്ട
കാര്യമില്ല.. നിന്നെ എനിക്കു നല്ല പരിചയമുള്ളതുപോലെ തോന്നുന്നു.. നീയിതു വരെ എവിടെയായിരുന്നു.... ” ഞാന്‍ ഒന്നും മിണ്ടിയില്ല, വെറുതേ ചിരിച്ചതേയുള്ളു.. ഇപ്പോള്‍ ഭ്രാന്ത് ശെരിക്കുമാര്‍‌ക്കാണ്.. എനിക്കൊ? അതോ ആ ഡോക്‌ടറിനൊ? ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി.. പുറത്ത് എന്റെ സുഹൃത്തുക്കള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.. അവരുടെയെല്ലാം മുഖങ്ങളില്‍
നൂറായിരം ചോദ്യങ്ങള്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞിരുന്നു.. “ എന്നോടൊന്നും ചോദികണ്ടാ, എനിക്കുത്തരം നല്‍കാന്‍ കയിയുകയില്ല.. കഴിയുമെങ്കില്‍ എനിക്കു മാപ്പുനല്‍കിയാല്‍ മതി... “ ഞാന്‍
പതുക്കെ ആ ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നകന്നു.. വീണ്ടും ഞാനും എന്റെ ഏകാന്തതയും മാത്രം..

Saturday, December 22, 2007

ചുവന്ന ചുണ്ടുള്ള ഗന്ധര്‍വ്വന്‍

ഞാന്‍ ആലോചിക്കുകയായിരുന്നു, എങ്ങനെയായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കം.. അതിനു തുടക്കമുണ്ടായിരുന്നൊ? അറിയില്ല..
ആദ്യം എനിക്കും അതിന്റെ മഹത്വം അറിയുവാന്‍ കയിഞ്ഞിരുന്നില്ല. എനിക്കവന്‍ എന്നുമെന്റെ ഗന്‌ധര്‍വ്വനായിരുന്നു.ചുവന്ന ചുണ്ടുള്ള ഗന്ധര്‍വ്വന്‍ ‍. ഇന്നും അവനെ ആദ്യമായ് കണ്ടതെനിക്കോര്‍മ്മയുണ്ട്. അവന്റെ ആ ചിരി.. എനിക്കെന്നും പ്രിയങ്കരമായ ചിരി. എല്ലാം മായ്‌ക്കാന്‍ കയിയുന്ന നിശ്‌കളങ്കമായ ചിരി. ഇങ്ങനെയുള്ളൊരു വ്യക്തിക്കു എങ്ങനെയാണ് ക്രൂരനാകുവാ‍ന്‍ കഴിയുന്നതെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

നിസ്സഹായനായൊരു ജന്മം, അതായിരുന്നവന്‍ ‍. എന്നോടുള്ള സ്‌നേഹം അവനൊരു ശാപംപ്പോലെയായിരുന്നു. ഒരു പ്രളയംപ്പോലെ അതെന്നിലേക്കൊഴുകികൊണ്ടേയിരുന്നു. അകലുവാന്‍ ശ്രമിച്ചപ്പോഴൊക്കെയും അതു അടുപ്പം കൂട്ടിയതേയുള്ളു. ഒരു കൊച്ചുകുട്ടി അമ്മയുടെ നേര്‍ക്കു
കളിപ്പാട്ടം വലിച്ചെറിയുന്ന ലാഘവത്തോടെ അവനെന്റെ സ്നേഹം എത്രയോ പ്രാവശ്യം തള്ളിക്കളഞ്ഞു. ദയ എന്ന വികാരമില്ലെന്ന വിധം പെരുമാറി. വാക്കുകളാല്‍ എന്റെ മനസ്സിനെ വ്രണപ്പെടുത്തി. അസൂയകൊണ്ടും വിദ്വേഷം കൊണ്ടും എന്നെ വേദനിപ്പിച്ചു, എന്നാല്‍ ഞാന്‍ കരയുമ്പോള്‍ യഥാര്‍‌തത്തില്‍ ഏറ്റവും വേദനിച്ചിരുന്നത് അവനായിരുന്നു. അവന്‍ സ്വയം ശിക്ഷിക്കുകയായിരുന്നു.
എന്നാല്‍ ഇതൊക്കെ ഒരിക്കലും സ്‌നേഹക്കുറവു കാരണമല്ലായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു.സ്‌ നേഹിച്ചാല്‍ ഉപേക്ഷിക്കുവാന്‍ കയിയുമായിരുന്നില്ലവന്. അതിനെ അവന്‍ ഭയപ്പെട്ടിരുന്നു. അല്ലെങ്കില്‍ അവന്റെ സ്‌നേഹം എനിക്കൊരു ബന്ധനമാകുമെന്നു അവന്‍ കരുതിയിരിക്കാം. അവന്‍ ഇപ്രകാരമെല്ലാം ചിന്തിക്കുമെന്നെനിക്കറിയാമായിരുന്നതിനാല്‍ ഞാന്‍ അവന്റെ പെരുമാറ്റത്തില്‍ ഒരിക്കലും അദ്‌ഭുതപ്പെട്ടില്ല. പകരം എന്നും നിശബ്‌ദമായ് അവനെ നോല്‍ക്കിനിന്നതേയുള്ളു. ഒരുപാടുനേരം അവനങ്ങനെയാവാന്‍ കയിയുകയില്ല.. നിറഞ്ഞ കണ്ണൂകളോടെ അവന്‍ എന്നരുകില്‍‌വരുമെന്നും എന്നോട് മാപ്പുചോദിക്കുമെന്നും എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാന്‍ അവനോട് ഒരിക്കലും
ദേഷ്യപ്പെട്ടിരുന്നില്ല.
അവന്റെ സ്‌നേഹം പോലെയായിരുന്നു എനിക്കവന്‍ നല്‍കിയിരുന്ന ദു:ഘവും, എന്നില്‍ തുടങ്ങി എന്നില്‍ അവസാനിക്കുന്ന അവ്ന്റെ
വികാരങ്ങള്‍ .അതെന്നും എനിക്കുമാത്രമുള്ളതാണ്... എന്നെ അവന്‍ വേദനിപ്പിച്ചു, പിന്നേടു അതില്‍ എത്രയോ മടങ്ങ് സ്‌നേഹിക്കുകയും ചെയ്തു.

അവന്‍ പലപ്രാവശ്യം എന്നോടു ചോദിച്ചിട്ടുണ്ട് “എന്താ നീയിങ്ങനെ ?, തട്ടമിടുന്ന നെറുകയില്‍ , സ്‌നേഹിക്കുന്ന പുരുഷന്റെ ദീര്‍‌ഘായുസ്സിനു വേണ്ടി സിന്ദൂരം തൊടുന്നു , അല്ലെങ്കില്‍ ഖുര്‍‌ആന്‍ പാരായണം ചെയ്യുന്ന നാവില്‍ ഗായത്രിമന്ത്രം ഉച്ചരിക്കുന്നു.. നീ എന്താണ് മറ്റു
പെണ്‍ക്കുട്ടികളെപ്പൊലെ പെരുമാറാത്തത്.. “
അങ്ങനെ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു അവന് .
അന്നും ഇന്നും എനിക്കതിന്റെ ഉത്തരമറിയില്ല.. ഞന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നു മാത്രമെനിക്കറിയാം..