കത്ത്.. എല്ലവരും ഇന്നത്തെ ദിവസം അവര്‍ സ്നേഹിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാറുണ്ട്.കഴിഞ്ഞ വര്‍ഷം, ഇന്നത്തെ ദിവസമല്ലെങ്കിലും നീയുമെനിക്കൊരു സമ്മാനം തന്നായിരുന്നു. ഒരു പളുങ്ക് പാത്രത്തിന്നുള്ളിലൊരു ചുമന്ന മെഴുകുതിരി.ഇന്നും അതു കത്തിക്കാതെ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്. എനിക്ക് സമ്മാനം തരാന്‍ നിനക്കെന്നും മടിയായിരുന്നു.. എനിക്കിഷ്‌ടപ്പെട്ടില്ലെങ്കിലോ എന്നു കരുതിയായിരിക്കണം.നിന്റെ സമ്മാനങ്ങള്‍ വലിയ വിലപ്പിടിപ്പുള്ളതല്ലയെന്ന് ഞാന്‍ പുച്‌ഛിക്കുമോയെന്ന് നീ ഭയന്നിരുന്നു അല്ലെ? എന്നാല്‍ നീ ഒരു വെള്ളപേപ്പറില്‍ വെറുതെ കുത്തിവരച്ചാല്‍പ്പോലുമെനിക്ക് വലിയകാര്യമായിരുന്നു. നീ വെറുതെ ചുരുട്ടിയെറിഞ്ഞിരുന്ന പേപ്പറുകള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചിവെച്ചിട്ടുണ്ട്.വെറുതേ.. അന്നങ്ങനെ തോന്നി.. നിനക്കൊരു സമ്മാനവും എനിക്കു നല്‍കാന്‍ കഴിഞ്ഞിട്ടില്ല.നമ്മളതിലൊരിക്കലും പരാതിപ്പെട്ടിരുന്നുമില്ല.. എന്നാല്‍ ഇപ്രാവശ്യം ഒരാഗ്രഹം നിനക്കൊരു കത്തെഴുതിയാലോയെന്ന്.. എന്നാല്‍ ഞാന്‍ എപ്പോഴും നിന്നോട് പറയാറുള്ള അതേ സംശയം തന്നെയാണ് ഇന്നും പറയുന്നത്... നിന്നെ ഞാന്‍ എന്തായിട്ടാണ് വിശേഷിപ്പിക്കേണ്ടത്? എന്റെ കൂടെ സദാ സഞ്ചരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശിയെന്നൊ? എന്നെ പ്രണയിക്കുന്ന കാമുകനെന്നോ?, എന്നെ ശകാരിക്കാറുള്ള തോഴനെന്നൊ അതോ എന്നോടോപ്പം കളിക്കുകയും പിണങ്ങുകയും ചെയ്യുന്ന കൊച്ചുകുട്ടിയെന്നൊ... ഇന്നും അതിനുത്തരമില്ല.. ഇന്നത്തെ എന്റെ ആഘോഷമെന്താണെന്നു നിനക്കറിയാമൊ? .. ദേ.. ഈ ബ്ലോഗില്‍ ചെയ്തുവെച്ചിരിക്കുന്നതു കണ്ടില്ലെ അത്രതന്നെ.. ഇന്നെന്തെങ്കിലുമൊരു വ്യത്യാസം വേണമെന്നൊരു തോന്നല്‍. Half day ലീവെടുക്കണം.. ഒരു റെസ്റ്റോറന്റില്‍ ജന്നല്ലിന്റെ വശത്തായിട്ട് ഒരു ടേബിള്‍ ബുക് ചെയ്തിട്ടുണ്ട്. നാളെ അവിടെ തിരക്കായിരിക്കും, ഒരു ബാന്‍ടിന്റെ പെര്‍ഫോര്‍മന്‍സുണ്ട്.. തനിച്ചിരുന്നൊരു ലഞ്ച്.. അവിടെ ഒരുപക്ഷേ ഞാന്‍ മാത്രമായിരിക്കും ഒറ്റയ്ക്ക് വരുന്നത്. പക്ഷേ എനിക്കതില്‍ വിഷമമില്ല.. കാരണം ഞാന്‍ ഒരിക്കലും തനിച്ചല്ല, ജീവിക്കുന്നത് ഞാനാണെങ്കിലും എന്നിലെ നിനവുകളെല്ലാം നിന്റേതാണ്.. കുറച്ചുനേരം അവിടെയിരിക്കണം.ഓരോന്നുമിങ്ങനെയോര്‍ത്ത്. എന്നിട്ട് ലൈബ്രറിയില്‍ പോയാലൊ എന്നാലോച്ചിക്കുകയായിരുന്നു.. അവിടെപ്പോയാല്‍ സമയം പോകുന്നത് അറിയുകയേയില്ല.. അപ്പോള്‍ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത് മാഷേ..ആഹ്.. നീ ഇതൊക്കെ വായിക്കുകയായിരിക്കും, മുഘത്തിടയ്‌ക്കിടെ ഒരു ചെറിയ പുഞ്ചിരി വന്നു മായുന്നുണ്ടാകും.ചിലപ്പോള്‍ കണ്ണുകള്‍ നിറയുന്നുണ്ടാക്കും.. എന്നിട്ടാലോചിക്കും എന്തെങ്കിലും കമെന്റെഴുതിയിട്ടാലോയെന്ന്... പക്ഷേ നീ എഴുതില്ല.. നിനക്കു വാക്കുകള്‍ കിട്ടുന്നില്ലായിരിക്കും അല്ലെ?.. എനിക്കറിയാം.. ഇന്ന് നമ്മളൊരുപക്ഷേ അരുകിലില്ലായിരിക്കാം... പക്ഷെ ഒരിക്കലും നീയെനിക്കകലെയല്ല... എന്ന് സ്‌നേഹപ്പൂര്‍വ്വം.........