Tuesday, January 29, 2008

29.1.08

ആറാമത്തെ നിലയിലാണ് മുറികിട്ടിയത്.എനിക്കവിടെ ആകെ ഇഷ്ടമുള്ള കാര്യമെന്തെന്നുവെച്ചാല്‍. ആ ആശുപത്രിയുടെ വരാന്തയുടെ അറ്റത്തു നിന്നാല്‍ കടലുകാണാന്‍പറ്റും. അങ്ങു ദൂരെ, കടലും ആകാശവും. രണ്ടല്ല, ഒന്നെന്നപ്പോലെ.. ആ വാര്‍ഡില്‍ ഞങ്ങളുടെ നേരെയുള്ള മുറിയില്‍ ഒരു സ്ത്രീയായിരുന്നു വളരെ പ്രായമൊന്നുമില്ലായിരുന്നു അവര്‍ക്ക്.അവരുടെ അരയ്ക്കു താഴെവെച്ചു തിളച്ചവെള്ളം വീണു പൊള്ളലേറ്റിരുന്നു. ആ മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വല്ലാത്തൊരു ദുര്‍‌ഗന്ധം അവിടെയൊക്കെ പടരാറുണ്ട്. വെന്ത മാം‌സത്തിന്റെ നാറ്റം.. മറ്റൊരു മുറിയില്‍ ഒരു കാന്‍സെര്‍ രോഗിയായിരുന്നു.ഭേതമാകുകില്ലന്നറിഞിട്ടും അയാളുടെ ഭാര്യയും മക്കളും അയാളെ ചികിത്സിച്ചുകൊണ്ടേയിരുന്നു. ചില രാത്രികളില്‍ അയാള്‍ക്കു അസുഖം കൂടതലാകും.അപ്പോയൊക്കെ അയാള്‍ രക്തം ഛര്‍ദ്ദിച്ചിരുന്നു.. എല്ലാരും പോയി കാണാറുണ്ട് പക്ഷെ ഞാന്‍ പോയില്ല.. മറ്റുള്ളവരെപ്പോലെ പരിതാപത്തോടെ എനിക്കവരെ നോക്കിനില്‍ക്കണമെന്ന് തോന്നിയില്ല. അവിടുത്തെ വായുവിനെന്തോ പ്രത്യേകതയുണ്ടെന്നെനിക്കു തോന്നി. കാരണം, എന്റെ ഹൃദയം കല്ലായിപ്പോയോ എന്നെനിക്കുപ്പോലും തോന്നിയിരിന്നു.അമ്മയ്യുടെ ഓപ്പറേഷന്‍ സമയത്ത് ഞാന്‍ ഒറ്റയ്ക്കായിരുന്നു എല്ലാം നോക്കി നടത്തിയത്.അപ്പോയൊന്നും ഞാന്‍ കരയുകയോ തളര്‍ന്നിരിക്കുകയോ ചെയ്തില്ല.. കാരണം എനിക്കതിനൊന്നും അപ്പോള്‍ സമയമില്ലായിരുന്നു. എന്റെ കടമ ഞാന്‍ ഭംഗിയായ് നിര്‍വഹിച്ചു.പ്രതിഫലം ആഗ്രഹിക്കുകയോ പകരം അവര്‍ എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നോ ഒന്നും ഞാന്‍ കരുതിയിരുന്നില്ല. എന്തായാലും ഇനി എനിക്കെന്റെ ലോകത്തേക്കു തിരിച്ചുവരാം.. അപ്പോള്‍ നമ്മളെവിടയാ പറഞ്ഞു നിര്‍ത്തിയത് ?... അതിനുമുമ്പേ, വേറൊരു കര്യംകൂടി.. പണ്ട് മുതലേ ഞാന്‍ മലയാളത്തില്‍ കുറച്ചു പിറകിലായിരുന്നു.പുറത്തുള്ള സ്ക്ക്‍ളുകളിലൊക്കെയായിട്ട് മാറി മാറി പടിച്ചതുകൊണ്ടാകാം.ആ സമയത്ത് ഇംഗ്ലീഷ് കവിതകളും നോവലുമായിരിന്നു തലയ്‌ക്കുപിടിച്ചിരുന്നത്.. പക്ഷേ, അപ്പോയൊക്കെയും എനിക്കൊരു പൂര്‍ണ്ണത അനുഭവിക്കാന്‍ കയിഞ്ഞിരുന്നില്ല. മലയാളഭാഷയോട് വല്ലാത്തൊരു സ്‌നേഹം തോന്നിതുടങ്ങി.CBSE ഉപേക്ഷിച്ചു ഞാന്‍ +2’ന് നേരെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ചേരാന്‍ തീരുമാനിച്ചു.(പിന്നേട് ആ തീരുമാനം കുറച്ചു ഭാരിച്ചതായ്‌തീര്‍‌ന്നായിരുന്നു.)എന്തായാലും +2’നു എന്നെ മലയാളം പടിപ്പിച്ച റ്റീച്ചര്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നു. ക്ലാസില്‍ ഏറ്റവും കുറവ് മാര്‍‌ക്ക് എനിക്കായിരുന്നു.( അവസാനം വരെയും അതു അങ്ങനെ തന്നെയായിരുന്നെന്ന തോന്നുന്നത്).പിന്നേട് മലയാ‍ള പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി.. ഒടുവില്‍ ഇവിടെ വന്നെത്തി.. മലയാളം നേരെ എഴുതാന്‍ അറിയാത്ത ഞാന്‍ ഇപ്രകാരം ഒരു ബ്ലോഗ് തുടങ്ങിയെന്നറിഞ്ഞപ്പോയെ സുഹൃത്തിക്കള്‍ പരിഹസിക്കാന്‍ തുടങ്ങിയായിരുന്നു.എന്നാലും എനിക്കൊന്നുമില്ല.. മലയാളത്തില്‍ എഴുതുമ്പോള്‍ മനസ്സിനൊരു ത്രിപ്തികിട്ടാറുണ്ട്. ഇപ്പോയും എനിക്കൊരുപാട് അക്ഷരതെറ്റുകളുണ്ട്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊന്നുമെനിക്കറിയില്ല.. എനിക്കാകെ അറിയുന്നത് എന്റെ ഒട്ടും പാവമല്ലാത്തതും എന്നാല്‍ ക്രൂരമല്ലാത്തതുമായ എന്റെ ഹൃദയത്തിന്റെ ഭാഷമാത്രം.. അതില്‍ തെറ്റുകള്‍ ഒരുപാട് കാ‍ണാം.. കഴിയുമെകില്‍ തിരുത്തി തരാന്‍ മറക്കരുത്..

Friday, January 11, 2008

11.1.08

ഇന്നും ഒന്നും എഴുതിയില്ല. പകരം പടം വരയ്ക്കലായിരുന്നു പരുപാടി. വരയ്ക്കാന്‍ ഇരുന്നാ‍ല്‍ പിന്നെ അതു തീരുന്നത് വരെ ബാക്കിയൊരു
കാര്യവും നടക്കില്ല. ഒരു പ്രാവശ്യം, യൂണിവേര്‍‌സിറ്റി പരീക്ഷ നടക്കുന്ന സമയം.പരീക്ഷയുടെ തലേനാള്‍, എല്ലാവരും തകര്‍ത്തു പഠിത്തം.ഞാനെന്ന
അഹങ്കാരി,ഒരു പഴെയ കസേരയില്‍ എത്രയോ മണിക്കൂറായ് ഒരേയിരുപ്പാണ്.. ഞാന്‍ ഒഴിച്ചെല്ലാവരും പഠിക്കുന്നുണ്ട്.ഞാന്‍ പഠിക്കുന്നില്ല.“ എന്തു
കൊണ്ട് ? “ എന്ന ചോദ്യത്തിന്, എന്റെ കാര്യത്തില്‍ വലിയ പ്രാധാന്യമില്ല. എന്തെന്നാല്‍ എനികുമറിയില്ല.. ഞാ‍ന്‍ പെട്ടന്നെണീറ്റ്, എന്റെ പെട്ടിതുറന്ന്
പേപ്പറും പെന്‍സിലുമെടുത്ത്.. പടിക്കാനായിരുന്നില്ല.. വരയ്ക്കാന്‍ .. അങ്ങനെ ഞാനിരുന്നു വരച്ചു. ഇടയ്‌ക്കിടെ എന്റെ സുഹൃത്തുക്കള്‍ വന്നെത്തി
നോക്കും.( ഞാന്‍ ഹോസ്‌റ്റലിലായിരുന്നു). ചിലര്‍ കുറച്ചു നേരം എന്നെ നോക്കിനിന്നു.എന്നിട്ട് ഒന്നും മിണ്ടാതെ തിരിച്ചുപോകും.. പറഞ്ഞിട്ട്
കാര്യമില്ലെന്നു അവര്‍‌ക്കു തോന്നികാണും.. എന്തായാലും, വരച്ചു തീര്‍‌ന്നപ്പോള്‍ നേരം പുലര്‍ന്നു.രാത്രി മുഴുവനും ഉണര്‍ന്നിരുന്നതിനുള്ള ശിക്ഷ
പിന്നേടാണ് അറിഞ്ഞ്. ജയിക്കുമെന്ന് കരുതിയ പരീക്ഷയായിരുന്നു. പക്ഷെ, നെരെചൊവ്വേ എഴുതാന്‍ പറ്റിയില്ല. പരീക്ഷ ഹാളിലിരുന്നു മുടിഞ്ഞ
ഉറക്കമായിരുന്നു. അതിന്റെ ഫലമെന്നപോലെ റിസല്‍റ്റ് വന്നപ്പോള്‍ ഞാന്‍ തോറ്റുപോയി. ( പിന്നെടതു എഴുതിയെടുത്തു കേട്ടൊ.. ) എന്തായാലും
ശെരി, എല്ലാ സെമെസ്റ്ററുകളിലും എനിക്കു മുറതെറ്റാതെ അരിയര്‍ അഥവാ സപ്പ്ലി വീണുകൊണ്ടേയിരുന്നു.( മനസ്സില്‍ വിശമമുണ്ടായിരുന്നെങ്കിലും
ആരോടും പറയാനൊന്നുമ്പോയില്ലന്നെ..) എന്തായാലും ഒടുവില്‍ 1st ക്ലാസോടെ ജയിച്ചു. Electronics engineer ആയിപ്പോയ ഞാന്‍ , കരിയറിന്റെ
വഴിത്തിരുവ് എന്ന ഘട്ടത്തില്‍ അതിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നും ഒരു ആര്‍ട്ടിസ്‌റ്റായ് അറിയപ്പെടാനായിരുന്നു ആഗ്രഹം.
സ്വാഭാവികമായ് വീട്ടില്‍ വലിയ താല്പര്യമില്ല. രണ്ടാമത്, എന്റെയൊരു സ്വഭാവമനുസരിച്ചു വീട്ടില്‍ പുതിയൊരു പ്രസ്താവന പുറപ്പെടുവിച്ചു. “ എന്നെ
ജോലിക്കു പോകണ്ടാ..” എന്നു പറഞ്ഞു. പണ്ട് എപ്പോഴും ഏകാന്തത വേണമെന്ന് ആഗ്രഹിച്ചിരുന്നു.. എന്റെയൊരു കഷ്‌ടക്കാലത്തിന് “എന്നാല്‍ ആയിക്കോട്ടെ..” എന്നു
പടച്ചോന്‍ കരുതി.. അങ്ങനെ കയിഞ്ഞ കുറച്ചു വര്‍‌ഷങ്ങളായ് ഞാന്‍ വനവാസമെന്നു പറയുന്നതുപോലെ ഗൃഹവാസമായിരുന്നു.ഈ സമയത്ത്
വിരലില്‍ എണ്ണാവുന്ന പ്രാവശ്യം മാത്രമേ ഞാന്‍ വീട്ടിന്റെ പുറത്തുപോലും പോയിട്ടുള്ളു.“ കാ... “യെന്നു പറഞ്ഞാല്‍ അതു “കേ.. “ എന്നാക്കുന്ന
സമൂഹമായിരുന്നു എനിക്കു ചുറ്റും. ഊത്തുകാടിന്റെയും ത്യാഗരാജരുടെയും പാട്ടുകള്‍ ഒരു ചിലര്‍ (ഒരു മതക്കാര്‍ ) മാത്രമേ കേള്‍ക്കൂ എന്ന്
ധാരണയുള്ളതും , ഇംഗ്ലീഷ് പാട്ടുകള്‍ ശബ്‌ദം കൂട്ടിവെച്ച് കേട്ടാല്‍ മൂക്കത്ത് കൈ വെയ്ക്കുന്നതുമായ വിശാലഹൃദയര്‍ . (പണ്ടൊക്കെ എന്റെ വീട്ടില്‍
അത്രയ്‌ക്ക് എതിര്‍‌പ്പില്ലായിരുന്നു... പക്ഷെ ഇപ്പോള്‍ വല്ലിയ ഇഷ്‌ടമല്ലാതായിരിക്കുന്നു). ഞാനറിയാതെ ഇവിടെ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്.( അവരുടെ വിചാരം ഞാനൊന്നുമറിയുന്നില്ല എന്നാണ്.) ഞാന്‍ എന്റെ
മനസില്ലുള്ളതൊക്കെ തുറന്നുപറഞ്ഞാതാണിപ്പോള്‍ തെറ്റായത്. എന്തായാലും ശെരി ഒരു അന്യ ജാതിക്കാരനെ കൊണ്ട് എന്നെ നിക്കാഹ് കഴിപ്പിക്കുന്ന
കാര്യം “ ഗോവിന്ദാ.. ഗോപാലാ.. “ എന്ന അവസ്ഥയായ്.. അതേ സമയം ഞാന്‍ ‍.. ദേ.. ഇവിടെ.. ആരുമറിയാതെ അതിരഹസ്യമായ് ബ്ലോഗില്‍
വായില്‍ തോന്നുന്നതൊക്കെ കുറിക്കുന്നു.. എന്റെ ഊഹം ശെരിയാണെങ്കില്‍ എന്നെ ഇവര്‍ ഉടനെ തന്നെ ഒരു സ്കൂളുപോലുള്ള സ്ഥാപനത്തിലേക്കു
പറഞ്ഞു വിടും, അവിടെ മതപരമായ് പഠിപ്പിക്കുന്ന സ്ഥലമാണ്. അവിടെ കുറച്ചു നാള്‍ താമസിച്ച് പഠിക്കണം.പടിച്ചു തീരുന്നതുവരെ വീട്ടില്‍ പോകാന്‍
പറ്റില്ല.കൂടിപ്പോയാല്‍ രണ്ടൊ മൂന്നോ മാസം.എന്റെ മനസ്സ്മാറ്റാനായിരിക്കും. ഞാന്‍ വഴിതെറ്റിപോകുന്നു എന്നാണ് അവരെല്ലാം ധരിക്കുന്നത്.
ഞാനെന്റെ മനസ്സ് പറയുന്നത് കേള്‍ക്കുന്നു, അതാണ് ഞാന്‍ ഇന്നു ചെയ്യുന്ന മഹാപരാധം ഖുര്‍‌ആന്‍ പാരയണം ചെയ്യുന്ന ഞാന്‍ അതുപോലെ
ഭഗവത്‌ഗീതയും വായിക്കുന്നു.. ഈ ലോകത്ത് ശെരിയും തെറ്റു എന്നൊന്നുമില്ല, എല്ലാം അവരവരുടെ മനസ്സ്‌പോലിരിക്കും. എന്റെ ശെരി ഒരുപക്ഷെ
മറ്റുള്ളവരുടെ തെറ്റായിരിക്കാം.. അതുപോലെ മറിച്ചും

Tuesday, January 8, 2008

“ കത്തുന്നത് സൂര്യനാണെങ്കിലും ആ ചൂടില്‍ പൊള്ളുന്നത് പാവം ഭൂമിയാണ്.. അല്ലെ..? “

8 . 1 . 08

ഇടയ്ക്കിടെ വരാറുള്ള തലവേദന ഇപ്രാവശ്യയവും മുടങ്ങാതെ തന്നെ വന്നു. എന്നാല്‍ ഇത്തവണ പനിയും പിടിച്ചു. അതു കാരണം sysytem on പോലും ചെയ്തില്ല. അതു കൊണ്ടു ഒന്നും എഴുതാന്‍ തോന്നിയതുമില്ല. ഒരു രീതിയില്‍ ഞാന്‍ ഒരെഴുത്തുക്കാരിയേയല്ല.. രാവിലെ പടിക്കാനും പടിപ്പിക്കാനുമൊക്കെ പോകുന്ന വഴി ബസ്സില് ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓരോന്നും അങ്ങനെ ചിന്തിച്ചുകൂട്ടും അത്ര തന്നെ.

Tuesday, January 1, 2008

മരണം


പ്രേമത്തിന് നമുക്കു നല്‍കാന്‍ കഴിയുന്ന ഉന്നതപദവി മരണമാണൊ ? അല്ലെങ്കില്‍ പ്രേമത്തിന്റെ കൊടുമുടി..! അല്ലെന്നെനിക്കു തൊന്നുന്നു.. എന്നാലും ‘ മരണം ‘ എനിക്കെന്നുമൊരു ഒബ്‌സെശനായിരുന്നു, ഒഴിയാബാധയെന്നവണ്ണം. സദാ എന്റെ ചിന്തയില്‍ കുഴപ്പിച്ചിരുന്നൊരു ചോദ്യം. ജീവിതതിന്റെ
യഥാര്‍‌ത്ത പൊരുള്‍ എന്തായിരിക്കും ..? അങ്ങനെ, പണ്ടൊരിക്കല്‍ ഞാന്‍ പരിഭ്രാന്തയും അധര്‍മ്മിയും പൈശാചികവുമായിത്തീര്‍‌ന്നു.അന്നൊരിക്കല്‍ ഞാന്‍
നരകത്തിലോട്ടൊരു യാത്ര പുറപ്പെട്ടിരുന്നു പക്ഷെ യാത്ര മുഴുവിപ്പിക്കുന്നതിനു മുമ്പേ മടങ്ങുകയായ്. അന്നു വഴിമധ്യേ ഞാനൊരു ദൈവദൂതനെ കണ്ടു
.നിറഞ്ഞ കണ്ണുകളുമായ് എന്നെ അവന്‍ നോക്കിനിന്നു.ദൈവം എന്റെ പ്രാര്‍‌തഥനയുടെ അല്ലാ.. ചോദ്യങ്ങളുടെ ഫലമെന്നപ്പോലെ
ഭൂമിയിലേക്കയച്ചുതന്നൊരു ഉത്തരം.
നിര്‍‌ദ്ദയനായ ദൈവം എത്ര കാരുണ്യവാനുമാണ്.. അല്ലെ!

Sunday, December 30, 2007

എന്റെ ഡിസംബര്‍

നന്നായ് തണുക്കുന്നുണ്ട്.അവള്‍ പുതപ്പെടുത്തുനേരെ മൂടി.രാത്രി മഴപെയ്തിരിക്കണം,അതായിരിക്കണം ഇത്ര തണുപ്പ്. നേരം വെളുക്കാറായൊ
എന്തൊ? രാത്രി എപ്പോഴാണ് ഉറങ്ങിയതെന്ന്‍ ഓര്‍‌മ്മയില്ല. മുഷിഞ്ഞ ആ കട്ടില്‍‌വിരുപ്പില്‍ അങ്ങിങ്ങായ് പേപ്പറുകള്‍ പരന്നുകിടന്നിരുന്നു
.ചുവരുകളിലെ നിറം മങ്ങിയിരിക്കുന്നു. “ എന്നായിരിക്കും അവസാനമായ് ഇതില്‍ വെള്ളപൂശിയത് ?” അവള്‍ വെറുതെ ആലോചിച്ചു. ചുവരുകളില്‍ വിള്ളലുകള്‍ വീണിരിക്കുന്നു.കണ്ണുനീര്‍‌പ്പോലെ അതില്‍ നിന്നും മഴത്തുള്ളികള്‍ ഒഴുകിയിറങ്ങി.അവള്‍ തനിക്കുചുറ്റും നോക്കി. ആ
കൊച്ചുമുറിയില്‍ വെളിച്ചംതീരെയില്ലായിരുന്നു.അഴുക്കുപ്പിടിച്ചു കിടക്കുന്ന തിരശ്ശീലകള്‍ , അങ്ങിങ്ങായ് അലങ്കോലമായ് കിടക്കുന്ന ഛായങ്ങളും
ബ്രശ്ശുകളും.അവിടെ പറയത്തക്ക വീട്ടുസാധനങ്ങളൊന്നുമില്ലായിരുന്നു. പുസ്തകങ്ങള്‍ വെച്ചിരിക്കുന്നൊരു മേശ,വസ്ത്രങ്ങള്‍ വെയ്ക്കാന്‍ ചെറിയൊരു
ഷെല്‍‌ഫും .പിന്നെ മുറിയുടെ ഒരു കോണില്‍ അടുക്കളപ്പോലുള്ളൊരു സ്ഥലവും.ചുരുക്കത്തില്‍ ഒരു മാളം പോലുണ്ട്.ഒരുരീതിയില്‍ ഇതു മാളം
തന്നെയാണ്. എത്രനാ‍ളായിരിക്കും താന്‍ ഇവിടെ വന്ന് താമസമാക്കിയിട്ട്? അവളോര്‍‌ത്തു.ശരിക്കും പറഞ്ഞാല്‍ ഒരുവര്‍‌ഷം, അല്ല.. ഒരുവര്‍‌ഷവും ഇരുപത്
ദിവസവും.കല്ല്യാണം നിശ്‌ചയിക്കുന്നതിനു രണ്ടുദിവസം മുമ്പ് വീട്ടില്‍നിന്നും ഇറങ്ങിപൊകുകയായിരുന്നില്ലെ..? എല്ലാം സ്വപ്നം പോലെ തോ‍ന്നുന്നു
.ഇന്ന് ചെറിയൊരു ജോലിയും പിന്നെ ഇടിഞ്ഞുവീഴാന്‍ തുടങ്ങുന്ന ഈ വീടുമുണ്ട്. ജീവിതം തള്ളിനീക്കുന്നുയെന്നു മാത്രം. ഏറെ ദിവസങ്ങള്‍ക്ക് ശേഷം ഇന്നു വല്ലാത്തൊരു ഏകാന്തത തന്നു മൂടുന്നതായ് അവള്‍ക്കനുഭവപ്പെട്ടു.ഓര്‍മ്മകള്‍ തിരമാലകള്‍ പോലെ
മനസ്സില്‍ വന്നാഞ്ഞടിച്ചുകൊണ്ടേയിരുന്നു.. എത്രനാള്‍ ഇങ്ങനെ..?“ യെന്ന ചോദ്യം എത്രപ്രാവശ്യം അവള്‍ സ്വയം ചോദിച്ചിരിക്കുന്നു പെട്ടന്നാണ് അവള്‍ക്ക് വേറൊരു കാര്യം ഓര്‍മ്മവന്നത്.ഇന്ന് ഡിസംബര്‍ 31’ന്നാണ്. ഒടുവില്‍ തനിക്കെന്നും പ്രിയപ്പെട്ട ഡിസംബര്‍
യാത്രയാകുകയാണ്.നിശബ്‌ദമായ്, തന്നോട് യാത്രപോലും ചോദിക്കാതെ.. എല്ലാവര്‍ക്കുമിന്ന് ആഘോഷത്തിന്റെ ദിവസമായിരികാം എന്നാല്‍
അവള്‍ക്ക് മറിച്ചാണ്. കഴിഞ്ഞ ഡിസംബറുകളില്‍ താന്‍ തനിച്ചല്ലായിരുന്നു.അവനും തന്റെ കൂടെയുണ്ടായിരുന്നു.ഞങ്ങള്‍ക്കെന്നും പ്രിയപ്പെട്ട
ഞങ്ങളുടെ ഡിസംബര്‍ . അവനും ഇതുപോലെ ഓര്‍‌ക്കുന്നുണ്ടായിരിക്കുമൊ? . “ഇന്നു ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ എങ്ങനെയായിരിക്കും?, അവന്‍ എന്നെ ഒരുപാടു വഴക്കു പറയുമായിരിക്കും, അവനോടുപൊലും
പറയാതെ ഇത്തരത്തിലൊരൊളിച്ചോട്ടം.. ഇതുപറയുമ്പോള്‍ അവന്റെ കണ്ണുനിറയുമാ‍യിരിക്കും അല്ലെങ്കില്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരിക്കും.“ “അന്ന് അവനോട് ഞാനെന്ത് മറുപടി പറയും. കഴിഞ്ഞ ഓരൊ നിമിഷങ്ങളും ഞാനെങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്ന് അവനെ പറഞ്ഞു
മനസ്സില്ലാക്കാന്‍ തനിക്കു കഴിയുമൊ?.. ഒരുപക്ഷേ ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിലോ?.. ” അവള്‍ അങ്ങനെ ഓരോന്നും ചിന്തിച്ചങ്ങനെ അവിടെ
വീണ്ടും കിടന്നു.അപ്പോയാണ് അവള്‍കെന്തോ ഓര്‍മ്മവന്നതുപോലെ എണീറ്റത്. അവള്‍ പതുക്കെ തിരശ്ശീല മാറ്റി.ആ ജന്നല്‍ തുറന്നിട്ടു
വര്‍ഷങ്ങളായിരിക്കുന്നതുപോലെ തോന്നും. അവള്‍ ആ ജന്നല്‍ വലിയൊരു ശബ്‌ദത്തോടെ തള്ളിത്തുറന്നു. പെട്ടന്ന് ആ മുറിയിലാകെ വെളിച്ചം
പടര്‍‌ന്നു. വെളിച്ചത്തില്‍ ആ മുറി കൂടുതല്‍ വികൃതമായ് കാണപ്പെട്ടു. ആ പ്രകാശത്തിലെന്തോ പ്രത്യേകതയുണ്ടെന്ന് അവള്‍ക്കു തോന്നി.തന്റെ
മുറിയിലാകെ പരന്നുകിടന്നിരുന്നതെല്ലാം അവള്‍ പെറുക്കിയെടുത്തു.എവിടെനിന്നോ ആ മുറിയില്‍ കുറച്ചൊരു ഭംഗിവന്നതായ് അവള്‍ക്കനുഭവപ്പെട്ടു
.പണ്ടൊരിക്കല്‍ തനിക്കു സംഭവിച്ചതുപോലെ.. ചുവരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയുടെ മുന്നില്‍ പോയി തന്റെ പ്രതിബിംബത്തെ കുറച്ചുനേരം അവള്‍ നോല്‍ക്കിനിന്നു.താന്‍ ഒരുപാട്
മാറിയിരിക്കുന്നു.താന്‍ തന്നെയാണൊ? എന്നുപോലും സംശയിച്ചുപോകും.കറുത്തൊരു നിഴല്‍ തന്റെ മേല്‍ വീണിരിക്കുന്നതുപ്പോലിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായ് അവന്‍ തന്നെ കണ്ടപ്പോള്‍ , പിന്നേട് ഇഷ്‌ടമാണെന്നവന്‍ പറഞ്ഞപ്പോള്‍ .. ഇതേപോലെ ഞാന്‍
കണ്ണാടിയുടെ മുമ്പില്‍ നിന്നായിരുന്നു. അന്നത്തെ സംശയം അവനെപ്പോലുള്ളൊരു വ്യക്തി തന്നെ ഇഷ്‌ടപ്പെടാന്‍ മാത്രം തന്നില്‍
എന്താണുള്ളതെന്നായിരുന്നു. പിന്നേടും ഇതുപോലെ എത്രയോ പ്രാവശ്യം,പക്ഷേ, അപ്പോള്‍ സംശയം വേറെയായിരുന്നു. താന്‍ സുന്ദരിയാകുന്നോയെന്നായിരുന്നു.എന്നാല്‍
അത് സംശയമല്ലായിരുന്നു. ശെരിക്കും താന്‍ സുന്ദരിയാകുകയായിരുന്നു. അവന്‍ സ്‌നേഹിക്കുംതോറും താന്‍ വീണ്ടും വീണ്ടും സുന്ദരിയാകുകയായിരുന്നു
എന്നാണവള്‍ക്കു തോന്നിയത്.കവിളുകള്‍ തുടുത്തു, ചുണ്ടുകള്‍ക്ക് നിറംവന്നു.തനിക്ക് ചുറ്റുമെല്ലാം ഭംഗിയുള്ളതായ് അവള്‍ക്കുതോന്നി. അന്ന്
തനിക്കു സംഭവിച്ചമാറ്റം മറ്റുള്ളവരെപോലും അതിശയപ്പെടുത്തിയായിരുന്നു.കുട്ടിക്കാലത്തു വായിച്ചിട്ടുള്ള കഥകളിലെപോലെ വികൃതമായിരുന്നൊരു
പെണ്‍ക്കുട്ടിയെ ഒരുനാള്‍ ഒരു മാലാഖ സുന്ദരിയായ് മാറ്റി.അങ്ങനെ അവളെ കണ്ടൊരു രാജകുമാരന്‍ അവളുമായ് ഇഷ്‌ടത്തിലാകുന്നു.പക്ഷെ ഈ
കഥയില്‍ , കുറച്ചുമാറ്റം സംഭവിച്ചിരുന്നു. അവന്റെ ജീവിതം താന്‍ നശിപ്പിക്കുകയാണെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനായില്ല.അതുപോലെ വേറൊരാളെ വിവാഹം കഴിക്കാനും
അവള്‍ക്കു കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം എല്ലാം വലിച്ചെറിഞ്ഞിട്ട് അവള്‍ അവിടെ നിന്നും യാത്രയായ്. ആ യാത്ര ഇന്നു തന്നെ വീണ്ടും തന്റെ പ്രതിബിം‌ബത്തിന്റെ മുമ്പില്‍ കൊണ്ടുനിര്‍‌ത്തിയിരിക്കുന്നു.സ്വയം ജീവിതം തന്നെയൊരു
സംശയമെന്നതുപോലെ..

Friday, December 28, 2007

വെണ്ണക്കല്ലാല്‍ തീര്‍‌ത്തൊരു കല്ലറ

നിങ്ങള്‍ക്കു സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങള്‍ കൊണ്ട് നിങ്ങള്‍ വലിയൊരു വര്‍‌ണ്ണകൊട്ടാരമുണ്ടാകുവാന്‍ പോകുന്നു. അതോര്‍‌ത്ത് നിങ്ങള്‍
സന്തോഷിക്കുന്നു.എന്നാല്‍ ഒരു കാര്യം നിങ്ങള്‍ മറന്നിരിക്കുന്നു. അതോ നിങ്ങള്‍ മനപ്പൂര്‍‌വ്വം മറന്നതായിരിക്കുമൊ ? നിങ്ങളിന്നു പടുത്തുയര്‍‌ത്തുന്ന ഈ കൂറ്റന്‍ കൊട്ടാരത്തിന്റെ അടിത്തട്ടിലൊരു കല്ലറയുണ്ട്. വെണ്ണക്കല്ലാല്‍ തീര്‍‌ത്തൊരു ശവക്കല്ലറ.അവിടെ
മൃതിയടിഞ്ഞൊരെന്‍ സ്വപ്നങ്ങള്‍ നിദ്രകൊള്ളുന്നുണ്ട്. നിങ്ങളുടെ കൊട്ടാരത്തിനു നിങ്ങള്‍ നിറങ്ങള്‍ നല്‍കുമ്പോള്‍ , അതിനെ മോടിപിടിപ്പിക്കുമ്പോള്‍
ഞാന്‍ എന്റെ പശ്‌ഛാത്താപത്തിന്റെ കൈകള്‍ കൊണ്ട് ആ വെണ്ണക്കല്ലുകളെ തുടയ്‌ക്കുന്നു. ഒരുനാള്‍ ആ കൊട്ടാരത്തില്‍ ആഘോഷങ്ങള്‍ ഉയരും.
പരിചിതവും അപരിചിതവുമായ മുഖങ്ങള്‍ തിങ്ങിനിറയും. സന്തോഷത്തിന്റെ പൊട്ടിച്ചിരികളുയരും. ഒരുവശത്ത് ഭം‌ഗിവാക്കുകളും അനാവശ്യവുമായ
അനുഗ്രഹങ്ങള്‍ എന്നെ വന്നു മൂടുമ്പോള്‍ മറുവശത്ത് ചിലര്‍ ദയയോടെ എന്റെ കാതുകളില്‍ അര്‍ഥമില്ലാത്ത സാന്ത്വനവാക്കുകള്‍ ഉരുവിടും
.പട്ടുവസ്‌ത്രങ്ങളും തിളങ്ങുന്ന ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും എന്നെ പൊതിയും.അതേ സമയം എന്റെ സ്വപ്നങ്ങള്‍ പ്രേതങ്ങളായ്
ആള്‍ക്കൂട്ടത്തിനിടയില്‍ അലഞ്ഞു തിരയുന്നുണ്ടായിരിക്കും. അവരുടെ നിശബ്‌ദമായ രോദനങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ കേട്ടില്ലെന്നുവരാം.അല്ലെങ്കില്‍
കേട്ടില്ലെന്നു നടിക്കും. എന്തെന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ഏതാണൊ പ്രിയങ്കരം അതു കാണാനും കേള്‍ക്കാനുമേ നിങ്ങള്‍
ആഗ്രഹിക്കുന്നുള്ളു. അന്നും ക്ഷണിക്കപ്പെടാത്തൊരു അഥിതിയായ് വിഷാദം എന്നരുകില്‍‌വരും . തോഴിയെന്നവിധം എനിക്കു ചുറ്റുമവള്‍ നൃത്തം‌വെയ്ക്കും
.കാതുകളില്‍ വിലക്കപ്പെട്ട നിന്റെ പേരു മന്ത്രിക്കും.അന്ന് ഒരു ചെറുപുഞ്ചിരിയായ്, എന്നില്‍ നിറഞ്ഞുനില്‍ക്കുന്ന നിന്റെ ഓര്‍മകളെ ഒളിപ്പുക്കുവാന്‍
ശ്രമികുമ്പൊഴൊകെയും നീ കണ്ണുനീര്‍ തുള്ളികളായ് എന്റെ കവിളിലൂടെ ഒഴുകുയിറങ്ങും, “ ഞാന്‍ കരയുകയില്ല.. “ എന്നു നൂറായിരവട്ടം മനസ്സില്‍
ആവര്‍‌ത്തിച്ചുകൊണ്ടേയിരിക്കും. നീ പിന്തിരിഞ്ഞു നടന്നകലുമ്പോയും, നീ യാത്രയാകുന്നതു കണ്ടുനില്‍ക്കുന്ന നേരങ്ങളിലൊക്കെയും ഞാന്‍
കരഞ്ഞിരുന്നില്ല. നിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോഴൊക്കെയും, നീ എന്റെ കൈകള്‍പിടിച്ചു യാത്ര ചോദിച്ചപ്പോഴും എന്റെ കണ്ണുകള്‍
നനഞ്ഞിരുന്നില്ല എന്നിട്ടും രാത്രികളില്‍ തനിച്ചാകുമ്പോള്‍ , പിറക്കാത്ത കുഞ്ഞിനായ് താരാട്ടു പാടുമ്പോയൊക്കെയും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
നിന്നെപ്പോലെ സാദൃശ്യമുള്ളവര്‍ എന്റരുകിലൂടെ കടന്നുപ്പോകുമ്പോയൊക്കെയും കണ്ണുകള്‍ നിറഞ്ഞിരുന്നു .നമ്മള്‍ രണ്ടുപേരുടേയും ചുണ്ടുകളില്‍
ഒരേപോലെ പുഞ്ചിരി വിടര്‍ത്തിയിരുന്ന ഓര്‍മകള്‍ എന്നില്‍ വന്നുനിറയുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.അങ്ങനെ, മറ്റുള്ളവര്‍‌ക്കു
അപ്രധാനവും എന്നാല്‍ നമുക്കു പരിചിതവുമാ‍യ ഓരോരൊ ചെറിയ കാര്യങ്ങളെല്ലാം എന്റെ കണ്ണുകളെ ഈറനണിയിപ്പിക്കും. ഒടുവില്‍ ‍,
“കരയുകില്ലാ... “ എന്നു പറയുമ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടേയിരിക്കും.മറ്റാരും കാണാതെ ആ പളുങ്കുമണികളെ വിരലുകളാല്‍ ഞാന്‍
തുടച്ചുമാറ്റുമായിരിക്കും. എന്തെന്നാല്‍ മറ്റുള്ളവര്‍ അതിനെ കാണുന്നതെനിക്കിഷ്‌ടമല്ല. ഒരുപക്ഷെ അന്നെന്റെ കണ്ണുകളില്‍ സ്വാര്‍‌ഥത
നിഴലിക്കുമായിരിക്കും
ഒടുവില്‍ ആഘോഷങ്ങള്‍ കെട്ടൊടുങ്ങുമ്പോള്‍ , ഞാനും മൃതിയടിഞ്ഞ സ്വപ്നങ്ങളുടെ പ്രേതങ്ങളും മാത്രമാകുമ്പോള്‍ .നിശ്‌ചലമായെന്റെ
മനസ്സു തനിച്ചാകും. അന്ന് എന്റെ ശരീരവും നിശ്‌ചലമാകും.. തീര്‍ച്ച.. അന്നെനിക്കുവേണ്ടി നിങ്ങളാരും കണ്ണുനീര്‍ പൊഴിക്കരുത്. എനിക്കതിഷ്‌ടമല്ല..